പാലക്കാട്: തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി കേരളത്തിൽ എത്തി. സാദിഖ് എന്ന ആളാണ് പാലക്കാട് എസ്.പി ഓഫീസിൽ പരാതിയുമായി എത്തിയത്. തന്റെ കയ്യിലുണ്ടായിരുന്ന യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും എന്നാൽ അതിന്റെ ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ, ഇത് വ്യാജ ലോട്ടറിയാണെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞമാസം പാലക്കാട് റെയിൽവേ ജങ്ഷനിൽ നിന്ന് വാങ്ങിയ ഓണം ബംബർ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നും, എന്നാൽ ആ ടിക്കറ്റ് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള സത്യമംഗലത്തുവെച്ച് നഷ്ടപ്പെട്ടുവെന്നുമാണ് ഇയാൾ പറയുന്നത്. തങ്ങളുടെ കയ്യിലുള്ള ഫോട്ടോയിലെ നമ്പർ പരിശോധിച്ചപ്പോഴാണ് സമ്മാനം അടിച്ച വിവരം അറിയുന്നത്. അതിനുശേഷമാണ് ടിക്കറ്റ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നു ഇവർ പറയുന്നു. നിലവിൽ ഫോട്ടോസ്റ്റാറ്റ് ടിക്കറ്റ് അസാധുവാണ്. യഥാർത്ഥ ഒന്നാം സമ്മാന ടിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടോ, ചിത്രത്തിൽ കൃത്രിമം നടന്നിട്ടുണ്ടോ, ടിക്കറ്റ് യഥാർത്ഥത്തിൽ ഇയാൾ വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകളോ മറ്റ് തെളിവുകളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. യഥാർത്ഥ ഭാഗ്യശാലി ടിഎൽ 360615 എന്ന ടിക്കറ്റ് സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പേര് വിവരങ്ങൾ പുറത്തുവിടരുത് എന്ന് ഭാഗ്യശാലി രേഖാമൂലം അറിയിച്ചിരുന്നു.








