കാസര്‍കോട്: ചെര്‍ക്കള, ബേവിഞ്ചയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു മൂന്നു ലക്ഷം രൂപ വില വരുന്ന വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍, പള്ളിക്കര, തൊട്ടി, കിഴക്കേക്കരയിലെ രതീഷ് (36), ശ്രുതി നിവാസില്‍ കരുണാകരന്‍ (64) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വിജയന്‍ മേലത്തും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി. സെപ്തംബര്‍ 17ന് രാത്രി പത്തു മണിക്കും 18ന് രാവിലെ 7.45മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. ബേവിഞ്ചയില്‍ എം ടി അബ്ദുല്‍ കബീര്‍ എന്നയാള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. ബൈക്കില്‍ പ്രസ്തുത വീട്ടില്‍ എത്തിയ മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറുകള്‍ കത്രിക കൊണ്ട് മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷനും വിവിധ സ്ഥലങ്ങളിലെ ഗുജിരി ഷോപ്പുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ മരപ്പണിക്കാരാണ്. പ്രസ്തുത ജോലിക്കു പോകുന്ന സ്ഥലങ്ങളിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളില്‍ കവര്‍ച്ച നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംഘം സമാന രീതിയില്‍ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പാലക്കുന്ന് ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്നു സമാന രീതിയില്‍ കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.







