കാസര്‍കോട്: കുമ്പള, അനന്തപുരത്തെ ഫാക്ടറിയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഓക്‌സിജന്‍ പ്രൊമാക്‌സ് ഫാക്ടറിയില്‍ ഇന്ന് (ഞായര്‍) രാവിലെ 10 മണിയോടെയാണ് അപകടം. കോഴി മാലിന്യങ്ങളിൽ നിന്നു മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറിയാണിത്.തൊഴിലാളിയും ഒഡീസ സ്വദേശിയുമായ മഹേശ്വര്‍ (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ താനൂജി (24)നെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും സിദ്ധാനന്ദ(21)യെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാക്ടറിയിലെ ബോയിലറില്‍ നിന്നു ഗ്യാസ് ശക്തമായി പുറത്തേയ്ക്കു പ്രവഹിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളി സമീപത്തെ ആഴമുള്ള കോഴിമാലിന്യക്കുഴിയിലേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് മറ്റു രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടത്. ഫാക്ടറിയിലെ മറ്റു തൊഴിലാളികള്‍ ചേര്‍ന്നാണ് മൂന്നു പേരെയും കരയ്ക്കു കയറ്റി ആശുപത്രിയിലെത്തിച്ചത്. മഹേശ്വര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.







