ചെന്നൈ: വിഖ്യാത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
94ാം വയസ്സിലും സിനിമ സംവിധാനം ചെയ്ത അദ്ദേഹം ചലച്ചിലോകത്തുനിന്നും പ്രേക്ഷകരില്‍നിന്നും വലിയ അഭിനന്ദനം നേടിയിരുന്നു. തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലായി ഏകദേശം 60 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റെ പരീക്ഷണാത്മക സമീപനത്തിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. രണ്ട് ദേശിയ അവാര്‍ഡുകള്‍, അഞ്ച് നന്ദി അവാര്‍ഡുകള്‍, മൂന്ന് കര്‍ണാടക സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍, മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2011-ല്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. പ്രശസ്ത സംവിധായകനായ കെ.വി. റെഡ്ഡിയുടെ സഹായിയായി പ്രവര്‍ത്തിച്ച അദ്ദേഹം, ‘മായബസാര്‍’ (1957), ‘ജഗേക വീരുണി കഥ’ (1961) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ പങ്കാളിയായി. തുടര്‍ന്ന് ‘നീീതി നിജീതി’ (1972) എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
പുഷ്പക വിമാനം, ആദിത്യ 369, മയൂരി, ഭൈരവ ദീപം, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍ മഗളിര്‍ മട്ടും തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായി വിലയിരുത്തപ്പെട്ട അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കാലാതീതമായ ക്ലാസിക്കുകളാണ്. തിരക്കഥകളില്‍ പങ്കാളിയായിരുന്ന ഭാര്യ ലക്ഷ്മി കല്യാണി 2022-ലാണ് അന്തരിച്ചത്.








