മുളിയാര്‍ കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചക്കല്ല്, കാട്ടിപ്പള്ളം ഹൗസിലെ മൊയ്തുവിന്റെ മകന്‍ ഹൈദരലി (27)യാണ് മരിച്ചത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്നലെ (ഞായര്‍) അര്‍ധരാത്രിയോടെയാണ് സംഭവം. കാട്ടിപ്പള്ളം, ബോറിനു സമീപത്തുള്ള ഗ്രൗണ്ടില്‍ സ്‌കൂട്ടറില്‍ നിന്നു വീണു കിടക്കുന്ന നിലയിലാണ് ഹൈദരാലിയെ സുഹൃത്ത് മുഹമ്മദ് റമീസ് കണ്ടത്. ഉടന്‍ തന്നെ ഹൈദരാലിയെ അജീര്‍ എന്നയാളുടെ കാറില്‍ കയറ്റി ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഗ്രൗണ്ടിനു സമീപത്ത് സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിയലിലാണ് കാണപ്പെട്ടത്. സമീപത്ത് തന്നെ ഒരു തോക്കും കാണപ്പെട്ടു.
തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നു സംശയിക്കുന്നു.ഹൈദരാലിയുടെ കവിളിലാണ് വെടിയേറ്റത്. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ബേക്കൽ ഡിവൈ എസ്.പി.കെ.വിനോദ് കുമാർ ഇന്നു രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഗള്‍ഫിലായിരുന്ന ഹൈദരാലി മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ജമീലയാണ് മാതാവ്. ഷാഫി, ഖദീജ ഉള്‍പ്പെടെ മൂന്നു സഹോദരങ്ങളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page