അമൃത്സര്‍: ‘മാഡ് സന്ധു’ എന്ന പേരില്‍ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റ് മധുസൂദനനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ ശനിയാഴ്ച വൈകീട്ട് ആറോടെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ സന്ധുവിനു നേരെ വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. കൊല്ലപ്പെടുന്ന നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഗോള്‍ഡി ധില്ലന്‍ എന്ന ഫെയ്‌സ്ബുക് പേജ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തെത്തിയിട്ടുണ്ട്. സന്ധു പഞ്ചാബിന്റെ സംസ്‌കാരം നശിപ്പിച്ചെന്നും അതിനാലാണു കൊലപ്പെടുത്തിയത് എന്നുമാണ് ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്. മേക്കപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ലിംഗസമത്വവുമായി ബന്ധപ്പെട്ടും സിനിമാ മേഖലയുമായും പോഡ്കാസ്റ്റുകളില്‍ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു മാഡ് സന്ധു. തന്റെ പ്രസ്താവനകള്‍ വിവാദമാവുകയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങളും ട്രോളുകളും ഇയാള്‍ നേരിട്ടിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പ്രധാന അന്വേഷണം. കഴിഞ്ഞ വര്‍ഷവും പഞ്ചാബില്‍ സമാനമായ കൊലപാതകം നടന്നിരുന്നു.








