കൊച്ചി: കാക്കനാട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് എക്സൈസിന്‍റെ പിടിയിലായത്. സിനിമാ പ്രവർത്തകർക്കും ഐടി പ്രൊഫഷണലുകൾക്കും ഇയാൾ ലഹരി എത്തിക്കുന്നു എന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ. 38.13 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. 15 ലക്ഷം രൂപയും ഹോണ്ട സിറ്റി കാറിൽ നിന്ന് കണ്ടെടുത്തു. കാക്കനാട് കേന്ദ്രീകരിച്ചുള്ള സിനിമാ പ്രവർത്തകർക്കാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയത്. ഐടി പ്രഫഷണലുകളും വിദ്യാർത്ഥികളും ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നുണ്ട്. ഒരു ഗ്രാമിന് 3000 രൂപക്കാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയത്. രണ്ടു ദിവസം കൊണ്ട് അഞ്ഞൂറിൽ അധികം പേർക്കായി അര കിലോ എം ഡി എം എയാണ് വിറ്റത്. കാറിൽ നിന്ന് കിട്ടിയ 15 ലക്ഷം രൂപ ലഹരി വിറ്റ പണമാണ്. കോഴിക്കോട് സ്വദേശിയായ ഉബൈദ് എന്നയാളാണ് അരുൺ നായർക്ക് ആവശ്യമുള്ള സമയത്ത് എംഡിഎംഎ എത്തിച്ചുനൽകുന്നതെന്നാണ് വിവരം. സിനിമ മേഖലയിലെ ആർക്കൊക്കെ ലഹരി എത്തിച്ചു കൊടുത്തു എന്നും അന്വേഷിക്കുന്നുണ്ട്. ലഹരി വിൽപ്പന ശൃംഖലയിലെ കണ്ണി മാത്രമാണ് അരുണെന്നും കൂടുതൽ പേർക്കായി അന്വേഷണം തുടരുന്നെന്നും എക്സൈസ് അറിയിച്ചു.








