പൂനെ: മഹാരാഷ്ട്രയിലെ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തന്‍മയ് ദത്താത്രയ് വാഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബന്‍സോഡെ, കൈവല്യ സതീഷ് വാസങ്കര്‍, രാജ്വീര്‍ യുവരാജ് വാഹിലെ, യാഷ് കിരണ്‍ വാംഖഡെ, സോഹം തുക്കാറാം ഭണ്ഡ്വാള്‍ക്കര്‍, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പൂനെ ജില്ലയിലെ ആലന്ദിയിലുള്ള ‘വിന്നേഴ്സ് അക്കാദമി’ എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് മരണപ്പെട്ടർ.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
വൈകീട്ടാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 48 അംഗ സംഘം കടൽത്തീരത്ത് എത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ എട്ട് വിദ്യാർഥികൾ കടലിൽ ഇറങ്ങുകയും തിരമാലയിൽപ്പെടുകയുമായിരുന്നു. കടലിൽ ഇറങ്ങി നീന്തുന്നതിനിടെ വെള്ളത്തിന്റെ ആഴവും തിരമാലകളുടെ ശക്തിയും തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്. വിദ്യാർത്ഥികൾ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

വിവരമറിഞ്ഞ് ദിവാഗറിലെ ‘ഭാവു മാരുതി സലുങ്കെ മഹാകാളി വാട്ടര്‍ സ്‌പോര്‍ട്‌സ്’ ഉടമയായ ഭാവു സലുങ്കെയും സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വാട്ടര്‍ സ്‌പോര്‍ട്‌സ് സംഘമാണ് കടലില്‍ നിന്ന് എട്ട് പേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും, പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കുമായി ബോര്‍ലി പഞ്ചാതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവം അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.








