കാസർകോട്: അഹിംസജീവിതചര്യയാക്കിയ,ജീവിതമൂല്യങ്ങള്‍ നമ്മെ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ കാലത്തിന് അതീതമാണെന്നും ലോകത്ത് യുദ്ധവും ആക്രമങ്ങളും വര്‍ധിക്കുമ്പോള്‍ ഗാന്ധിജിയുടെ അഹിംസ സന്ദേശങ്ങള്‍ക്ക് ലോകം കാതോര്‍ക്കുകയാണെന്നും കെ. നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസും സംയുക്തമായി പരവനടുക്കം പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് കാസര്‍കോട് റോട്ടറി ക്ലബ്ബുമായി ചേര്‍ന്ന് നടത്തുന്ന മാനസ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ വിതരണം എം.എല്‍.എ നിര്‍വ്വഹിച്ചു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍ എം.എല്‍.എ പ്രിന്‍സിപ്പാളിന് കൈമാറി.
ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സ്വാതന്ത്ര്യം എന്ന വാക്കിന്റെ വ്യാപ്തി വളരെ വലുതാണെന്നും അത് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് എത്തുമ്പോള്‍ വ്യത്യസ്തമാകുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. സ്വന്തം നിലപാടുകളില്‍ വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കൂടി മാനിക്കാനുള്ള പക്വത കൂടിയാണ് സ്വാതന്ത്യം. സഹജീവികളെ കൂടി പരിഗണിച്ച് പരിസ്ഥിതിയെ ചേര്‍ത്ത് പിടിക്കുന്നതും സ്വാതന്ത്ര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. മാനസഗ്രാമം പദ്ധതിയുടെ റിപ്പോര്‍ട്ട് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.വി ശ്രീജ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഗാന്ധിജിയെ അനുസ്മരിച്ച് സംഘഗാനം ആലപിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം മണികണ്ഠന്‍ മണിയങ്ങാനം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് അംഗം ജസ്‌ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഹുസൈന്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ. മധുസൂദനന്‍, എം.ആര്‍.എസ് പ്രിന്‍സിപ്പാള്‍ എസ്.ആര്‍.അരുണ്‍ കുമാര്‍, സീനിയര്‍ സൂപ്രണ്ട് എം. ധനലക്ഷ്മി, പ്രധാന അധ്യാപിക പി. റിനിമോള്‍, പി.ടി.എ പ്രസിഡന്റ് കെ. മാധവന്‍, റോട്ടറിക്ലബ്ബ് ഭാരവാഹികളായ മാഹിന്‍ കോളിക്കര, വിശ്വജിത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥിനി ലയന വിനോദ് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന നന്ദിയും പറഞ്ഞു.







