തിരുവനന്തപുരം: കരസേനയില്‍ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച്, വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ഊരുട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസില്‍ അമല്‍ ശിവകുമാര്‍ എന്ന ശ്രീജിത്ത് (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളില്‍ സൈനിക വേഷത്തിലുള്ള ഫോട്ടോകള്‍ കണ്ടാണ് പരാതിക്കാരി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ആര്‍മി ഓഫീസറാണെന്ന് യുവതിയെ വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അങ്ങനെ ചാറ്റിനിടെ യുവതിയുടെ ഫോണ്‍ നമ്പറും കൈക്കലാക്കി. ദിവസേന വാട്‌സാപ്പ് വഴി സംസാരം തുടര്‍ന്നതോടെ യുവാവിന്റെ വിവാഹവാഗ്ദാനത്തില്‍ യുവതി വീണു. തുടര്‍ന്ന് പല ദിവസങ്ങളിലായി യുവതിയെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അതിനിടെ യുവതിയുമായുള്ള നഗ്ന ചിത്രങ്ങളും പകര്‍ത്തിയെന്ന് പൊലീസ് പറയുന്നു. പിന്നീട്
വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളിലായി യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 3,93,000 രൂപ തട്ടിയെടുത്തതായി വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ഹേമന്ത് കുമാര്‍ വ്യക്തമാക്കി. പണം തിരിച്ചുചോദിച്ചതോടെ യുവാവ് ഫോണ്‍ കട്ട് ചെയ്യാന്‍ തുടങ്ങി. സൗഹദത്തില്‍ നിന്ന് പിന്‍വാങ്ങി. ഇതോടെയാണ് യുവാവിന്റെ തട്ടിപ്പിന് താന്‍ ഇരായായെന്ന് യുവതിക്ക് മനസിലായത്. തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ എസ്.ഐ. എം. പ്രശാന്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയില്‍ മറ്റൊരു യുവതിയെ തട്ടിപ്പിനിരയാക്കുകയും, ആ യുവതി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. നിലവില്‍ വഞ്ചനാക്കുറ്റത്തിനും സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ അനധികൃതമായി കൈക്കലാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ എട്ടിലധികം യുവതികളെ വീഴ്ത്തിയതായി യുവാവ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. യുവാവിന്റെ രണ്ടു മൊബൈലുകളും പൊലീസ് പരിശോധിച്ചുവരികയാണ്.








