കുമ്പള: പുത്തിഗെ പഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ സി.പി.എം. നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭരണസമിതി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പഞ്ചായത്ത് ഭരണത്തെയും വികസന പ്രവർത്തനങ്ങളെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭരണസമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഔദ്യോഗിക അവധി ദിനത്തിൽ സ്വന്തം ചെലവിൽ നടത്തിയ യാത്രയെ സ്പോൺസേർഡ് യാത്രയായി ചിത്രീകരിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്നു അവർ പറഞ്ഞു. യാത്രയ്ക്ക് പഞ്ചായത്തിന്റെയോ കരാറുകാരുടെയോ പണം ഉപയോഗിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഭരണസമിതി വ്യക്തമാക്കി.
സി.പി.എം നിയന്ത്രണത്തിലുള്ള ചാനലുകളിൽ അടക്കം വന്ന
വ്യാജവാർത്ത പിൻവലിച്ച് തിരുത്തണം.
ഇതിനായി 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകിയതായും ഒക്ടോബർ അഞ്ചിന് പ്രത്യേക ഭരണസമിതി യോഗം ചേർന്ന് തുടർ നിയമനടപടികൾ തീരുമാനിക്കുമെന്നും ഭരണസമിതി അറിയിച്ചു.
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താനും ഭരണസമിതിയെ അപകീർത്തിപ്പെടുത്താനുമുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഷഹിമ ഫിദ, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, മെമ്പർ എസ്.എ. അബ്ദുല്ല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.







