ഇറച്ചി കടക്കാരന്റെ ക്രൂരത; യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കി കനാലില്‍ തള്ളി


ഹൈദരാബാദ്: യുവതിയുടെ തലയില്ലാത്ത ഉടല്‍ കനാലിന് സമീപം കണ്ടെത്തിയ സംഭവത്തില്‍ ഇറച്ചിക്കട ഉടമ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് മംഗളഗിരി സ്വദേശിനി കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത്  മുഹമ്മദ് ഷാഫി (35) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 18 ന് ഇബ്രാഹിംപട്ടണത്തെ ഒരു കനാലിന് സമീപമാണ് തലയില്ലാത്ത ഉടല്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡ്രോണുകളുടെയും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ തിരച്ചിലില്‍ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കനാലില്‍ നിന്നും കണ്ടെത്തിയിരുന്നു. ഒരു കൈ ലഭിച്ചിരുന്നില്ല. അജ്ഞാത മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ, കയ്യിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും തിരിച്ചറിഞ്ഞ് യുവതിയുടെ സഹോദരന്‍ മരിച്ചത് കല്യാണി ആണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. സെപ്റ്റംബര്‍ 17 ന് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടില്‍ വച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ദുര്‍ഗ്ഗ റാവു പറഞ്ഞു. ഇറച്ചി കട നടത്തുന്ന മുഹമ്മദ് ഷാഫിയും യുവതിയും സുഹൃത്തുക്കളായിരുന്നു. യുവതിയുടെ കുട്ടിയെ വളർത്തുന്നത് ഷാഫിയും കുടുംബവുമായിരുന്നു. സംഭവം നടന്ന ദിവസം രാവിലെ ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംസാരത്തിനിടേ പണത്തെയും കല്യാണിയുടെ കുട്ടിയെയും ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
തുടര്‍ന്ന് ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.  കല്യാണിയുടെ തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും മുറിച്ചുമാറ്റി. ഇവ ഗോല്ലാപ്പുടി പ്രദേശത്തെ കനാലില്‍ കൊണ്ടുപോയി തള്ളി. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളും സാങ്കേതിക തെളിവുകളുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.  തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന പ്രതിയുടെ സുഹൃത്തിനായും പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട കല്യാണിയുടെ മകന്‍ നിലവില്‍ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും കുട്ടിയെ ഐ.സി.ഡി.എസ്  വകുപ്പിന് കൈമാറുന്ന കാര്യം പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page