മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ സ്‌കൂള്‍ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി ഒരുവയസും ഏഴ് മാസവും പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. ശാസ്ത്രി പബ്ലിക് സ്‌കൂളിന്റെ ബസാണ് ലതിക്ഷ എന്ന പെണ്‍കുട്ടിയെ ഇടിച്ചത്. ചക്രത്തിനടിയില്‍പെട്ട കുഞ്ഞ് ദാരുണമായി മരിക്കുകയായിരുന്നു. സഹോദരനെ വിളിക്കാനായി മാതാവിനൊപ്പം എത്തിയതാണ് ലതിക്ഷ. നാലു വയസുകാരനായ മകനെ മാതാവ് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ, ബസ് മുന്നോട്ടെടുത്തപ്പോള്‍ തൊട്ടടുത്തു നിന്ന ലതിക്ഷയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നും നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സിദ്ധരാജു എന്ന ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.








