തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറാണ് നടപടി സ്വീകരിച്ചത്. സംഭവം വാര്‍ത്തയാകുകയും പലകോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടു. തുടര്‍ന്നാണ് കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തത്. ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിൽ വെച്ചാണ് പ്ലസ് ടു വിദ്യാർഥിനിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. “നിന്നെ കണ്ടാൽ ഞങ്ങൾക്ക് പെണ്ണായി തോന്നുന്നില്ല” എന്ന് പരസ്യമായി അധിക്ഷേപിച്ച കണ്ടക്ടർ, വിദ്യാർഥിനിക്ക് അർഹതപ്പെട്ട കൺസെഷൻ സീറോ ടിക്കറ്റ് നൽകാനും വിസമ്മതിച്ചു. തുടർന്ന് 15 രൂപ വാങ്ങി ടിക്കറ്റ് നൽകിയ ശേഷം മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് ഉച്ചത്തിൽ സംസാരിച്ച് നാണംകെടുത്തുകയായിരുന്നു.
“നീ പെണ്ണാണോ എന്ന് അറിയാൻ ഡ്രസ്സ് ഊരി നോക്കേണ്ടി വരും, അല്ലെങ്കിൽ നെറ്റിയിൽ എഴുതിയൊട്ടിക്കണം” എന്ന് പറഞ്ഞ് അസഭ്യം പറയുകയും, മറ്റ് യാത്രക്കാരോട് “ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ” എന്ന് ചോദിച്ച് അവരെക്കൊണ്ട് കൂടി അധിക്ഷേപിക്കാൻ അവസരമുണ്ടാക്കുകയുമായിരുന്നുവെന്ന് വിദ്യാർഥിനി പറവൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവം തനിക്ക് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടും നാണക്കേടും ഉണ്ടാക്കിയെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടി പൊലീസിനെയും കെഎസ്ആർടിസി അധികൃതരെയും സമീപിച്ചത്. സ്കൂള്‍ കഴിഞ്ഞ് സഹപാഠികൾക്കൊപ്പം തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു വിദ്യാര്‍ഥിനി. നേരത്തെ ഒരു തീര്‍ഥാടനത്തിന്‍റെ ഭാഗമായി പെണ്‍കുട്ടി തല മൊട്ടയടിച്ചിരുന്നു. മുടി പൂർണ്ണമായും വളർന്നിരുന്നില്ല. ഇത് കണ്ടാണ് കണ്ടക്ടര്‍ സൗജന്യയാത്ര നൽകാൻ കഴിയില്ലെന്നും പറഞ്ഞ് ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. പ്രിയദര്‍ശിനി പദ്ധതി തകര്‍ക്കാനുള്ള നീക്കമാണെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പറവൂര്‍ നഗരസഭാ അധ്യക്ഷന്‍ ആരോപിച്ചു.








