കാസര്‍ര്‍കോട്: പെര്‍ള ഗുണാജെയില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരു കര്‍ണാടക സ്വദേശിയെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ജോലിയുണ്ടെന്ന് പറഞ്ഞു മോഷ്ടാക്കള്‍ തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പിടിയിലായ ആള്‍ പൊലീസിനോട് പറഞ്ഞു. കേബിള്‍ മോഷണ സംഭവത്തില്‍ 4 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ഈ മാസം 24 ന് പുലര്‍ച്ചെയാണ് പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഗുണാജെയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി കേബിളുകള്‍ സംഘം കടത്തികൊണ്ടുപോയത്. നാലുലക്ഷം രൂപ വില വരുന്ന കേബിള്‍ പിക്കപ്പ് വാനിലാണ് കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. രണ്ട് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന 1,000 മീറ്റര്‍ നീളമുള്ള എല്‍.ടി.എ.ബി കേബിളുകളാണ് കവര്‍ന്നത്. സി ഐ അനൂപ് കൃഷ്ണയുടെ നിര്‍ദേശപ്രകാരം എസ് എച്ച് ഒ സുനില്‍കുമാര്‍, എസ് ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പിടിയിലായ കര്‍ണാടക ബിസി റോഡ് സ്വദേശി നൗഷാദ് (34 ), കുമ്പള കിദൂര്‍ സ്വദേശി മുഹമ്മദ്( 41), കര്‍ണാടക സ്വദേശികളായ സാഹിദ്( 29 ), നവീന്‍ (48) എന്നിവരെ ശനിയാഴ്ച റിമാന്റുചെയ്തിരുന്നു.







