മംഗ്‌ളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തു; തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 5 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍, നാലുപേരെ തിരയുന്നു

കാസര്‍കോട്: മംഗ്‌ളൂരുവിൽ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പയ്യന്നൂർ, തൃക്കരിപ്പൂര്‍ സ്വദേശികളടക്കം അഞ്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. തൃക്കരിപ്പൂരിലെ മുഹമ്മദ് ഉവൈസ് (19), പയ്യന്നൂരിലെ രോഹന്‍ രനൂഷ്(19), കണ്ണൂരിലെ നഷീദ് അമീര്‍ (19), പയ്യന്നൂര്‍, എട്ടിക്കുളത്തെ എം പി റൈഹാന്‍ (19), കോഴിക്കോട്ടെ മുഹമ്മദ് ആദില്‍ (19) എന്നിവരെയാണ് പാണ്ഡേശ്വരം പൊലീസ് പിടികൂടിയത്.
കൂട്ടുപ്രതികളായ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. തൃശൂര്‍, ചാവക്കാട് സ്വദേശിയും മംഗ്‌ളൂരു, പാണ്ഡേശ്വരത്തെ കോളേജ് വിദ്യാര്‍ത്ഥിയുമായ അമീര്‍ അലിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആഗസ്റ്റ് 19നാണ് കേസിനാസ്പദമായ സംഭവം. കേസിലെ പരാതിക്കാരനായ അമീര്‍ അലിയും സഹപാഠി അല്‍ഫാസും ഉച്ചകഴിഞ്ഞ് കോളേജില്‍ നിന്നു താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് ബൈക്കുകളില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇരുവരെയും ബലമായി ബൈക്കുകളിൽ കയറ്റി ഒരു വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാക്കി അടി വസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി മര്‍ദ്ദിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറഞ്ഞു. ഭീഷണി കാരണമാണ് ഇരുവരും വിവരം വീടുകളില്‍ അറിയിക്കാനും പരാതി നല്‍കാനും വൈകിയതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page