കാസർർകോട്: പെർള ഗുണാജെയിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ നാല് പേർ അറസിൽ. കർണാടക ബിസി റോഡ് സ്വദേശി നൗഷാദ് (34 ), കിദൂർ സ്വദേശി മുഹമ്മദ്( 41), കർണാടക സ്വദേശികളായ സാഹിദ്( 29 ), നവീൻ (48) എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മോഷണത്തിനു ശേഷം കർണാടകയിലേക്ക് വിട്ട സംഘത്തെ ബദിയടുക്ക പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഈ മാസം 24 ന് പുലർച്ചെയാണ് പെർള ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഗുണാജെയിൽ ട്രാൻസ്ഫോർമറിന് സമീപം സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി കേബിളുകൾ സംഘം കടത്തികൊണ്ടുപോയത്. നാലുലക്ഷം രൂപ വില വരുന്ന കേബിൾ പിക്കപ്പ് വാനിലാണ് കൊണ്ടുപോയത്.
മുഖം മൂടി ധരിച്ചെത്തിയ സംഘം പിക്കപ്പ് വാനിൽ കേബിളുകൾ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിരുന്നു. 1,000 മീറ്റർ നീളമുള്ള എൽ.ടി.എ.ബി കേബിളുകളാണ് കവർന്നത്. രണ്ട് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കേബിളുകളാണ് നഷ്ടപ്പെട്ടത്.
രാവിലെ നാട്ടുകാരാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തി മോഷണം സ്ഥിരീകരിച്ച ശേഷം പെർള ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 പ്രതികളെ വെള്ളിയാഴ്ച പിടികൂടാൻ കഴിഞ്ഞത്. സംഘം മോഷ്ടിച്ച കേബിളും കണ്ടെത്തി. കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. സി ഐ അനൂപ് കൃഷ്ണയുടെ നിർദേശപ്രകാരം എസ് എച്ച് ഒ സുനിൽകുമാർ, എസ് ഐ വിനോദ് കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്







