കാസര്‍കോട്: പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദ്ദിക്കുമോയെന്ന ഭയം കാരണം ട്രെയിന്‍ കയറിപ്പോയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍. ഇന്ന് (ശനി) രാവിലെ കാണാതാവുകയും പിന്നീട് മംഗ്‌ളൂരുവില്‍ കാണപ്പെടുകയും ചെയ്ത ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 12 കാരിയുടെ ശരീരത്തിലാണ് അടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. വനിതാ പൊലീസ് നടത്തിയ പരിശോധനയിലാണ് കൈകളിലടക്കം വടി കൊണ്ട് അടിച്ച പാടുകള്‍ കണ്ടെത്തിയത്. പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം തന്നെ അധ്യാപകൻ അടിച്ചിരുന്നുവെന്നും ഇന്ന് വീണ്ടും ശിക്ഷിക്കുമോയെന്ന ഭയം കാരണമാണ് മദ്രസയിലേക്ക് പോകാതെ കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നു ട്രെയിന്‍ കയറി മംഗ്‌ളൂരുവിലേക്ക് പോയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം സ്വദേശിയായ മദ്രസ അധ്യാപകനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നാട്ടിലാണ് ഉള്ളതെന്നും തിങ്കളാഴ്ച ഹാജരാകുമെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയത്. തന്നെ കാറിലെത്തിയ രണ്ട് പേര്‍ തട്ടിക്കൊണ്ടു പോയെന്നാണ് മംഗ്‌ളൂരുവില്‍ കണ്ടെത്തിയപ്പോള്‍ പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. ഭയം കാരണമാണ് ഇങ്ങനെ പറഞ്ഞതെന്നു പെണ്‍കുട്ടി മൊഴി നല്‍കി.







