കാസര്‍കോട്: കാലം തെറ്റിയ മഴ ചതിച്ചു. കൊയ്യാറായ നെല്‍ച്ചെടികള്‍ നിലം പൊത്തി. ഇനിയും മഴ തുടര്‍ന്നാല്‍ നെൽമണികള്‍ മുളക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വൈക്കോലും നഷ്ടപ്പെടുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇന്നലെ (വ്യാഴം) ഉച്ചയോടെ ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. ആവശ്യത്തിനു മഴ ലഭിക്കാത്തതിനാല്‍ മോട്ടോര്‍ പമ്പും മറ്റും ഉപയോഗിച്ചാണ് ഭൂരിഭാഗം കര്‍ഷകരും ഇത്തവണ നെല്‍കൃഷി നടത്തിയത്. ഒരാഴ്ചക്കകം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കര്‍ഷകര്‍. ഇതിനിടയിലാണ് കനത്ത കാറ്റിലും മഴയിലും കൊയ്യാറായ നെല്ല് നിലം പൊത്തിയത്. വയലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ പന്നിക്കൂട്ടം ഇറങ്ങി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ വയലില്‍ കൊയ്യാറായ നെല്ല് പൂര്‍ണമായും നിലം പൊത്തിയ കാഴ്ച വേദനാജനകമാണ്. ശ്രീവിദ്യ, രഘു ,കുമാരന്‍, ബാലന്‍, തമ്പാന്‍, രവി തുടങ്ങിയവരുടെ വയലില്‍ നെല്‍ച്ചെടികള്‍ പൂര്‍ണ്ണമായും നിലം പൊത്തിയ നിലയിലാണ്.







