കാസര്കോട്: രാഷ്ട്രീയ-സാമൂഹിക തലങ്ങളില് ചര്ച്ചകള്ക്ക് വഴിവെച്ച തളങ്കരയിലെ സൈനുല് ആബിദീന് വധക്കേസിലെ മുഴുവന് പ്രതികളെയും വെറുതെവിട്ടു. ജില്ലാ അഡീഷണല് സെഷന്സ് കോടതി (മൂന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്. കാസര്കോട് എം ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനും തളങ്കര നുസ്രത്ത് നഗര് സ്വദേശിയുമായിരുന്ന സൈനുല് ആബിദിന്(24) 2014 ഡിസംബര് 22ന് രാത്രി കാസര്കോട് പഴയ ബസ് സ്റ്റാന്ഡിന് സമീപത്തെ എം ജി റോഡില് പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില് വെച്ചാണ് കൊല്ലപ്പെട്ടത്. കേസില് 21 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയില് കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ നിയമപ്രകാരം ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡിലാണ്. കൊല്ലപ്പെട്ട സൈനുല് ആബിദിന് സജീവ എസ്ഡിപിഐ പ്രവര്ത്തകനായിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില് പറയുന്നത്. കാസര്കോട് എസ്.പി. തോംസണ് ജോസിന്റെ നേരിട്ടുള്ള മേല്നോട്ടത്തില് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരന്, എസ്.ഐ. എം. രാജേഷ്, എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും സക്വാഡ് അംഗങ്ങള്, സൈബര്സെല് യൂണിറ്റ് എന്നിവര് കേസ് അന്വേഷണത്തില് പങ്കാളികളായിരുന്നു. അന്നത്തെ സി.ഐ. പി.കെ. സുധാകരന് ആണ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചത്.







