കാസര്കോട്: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവും കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എം.രാഘവന് പാര്ട്ടിയിലെ മുഴുവന് ചുമതലകളും ഒഴിഞ്ഞു. സ്ഥാനങ്ങള് ഒഴിയുന്നുവെന്നു കാണിച്ച് ജില്ലാ സെക്രട്ടറിക്കു കത്തു നല്കിയതായി എം.രാഘവന് പറഞ്ഞു. നിലവില് രണ്ടു പോഷക സംഘടനകളുടെ ജില്ലാ പ്രസിഡണ്ട്, സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗം, ഏരിയാ സെന്റര് അംഗം, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളാണ് ഒഴിഞ്ഞത്. തീര്ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് ചുമതലകള് ഒഴിഞ്ഞത്- എം രാഘവന് പറഞ്ഞു. അടുത്ത പരിപാടിയെന്താണെന്ന ചോദ്യത്തിനു 10 ദിവസം കഴിഞ്ഞ ശേഷം പറയാമെന്നായിരുന്നു എം.രാഘവന്റെ പ്രതികരണം. ഇപ്പോള് തിരുവനന്തപുരത്തെ വീട്ടിലേയ്ക്കുള്ള യാത്രയിലാണ്. അവിടെയെത്തി കുറച്ചു ദിവസം കുടുംബത്തോടൊപ്പം കഴിയട്ടെ. അതിനു ശേഷം ഭാവി കാര്യങ്ങള് തീരുമാനിക്കുമെന്നും കോട്ടച്ചേരി സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനം രാജി വച്ചതായും രാഘവന് പറഞ്ഞു.







