കൊച്ചി: അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിന് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് നടപടി വന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ പുതിയ തീരുമാനം.
നടി ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. അഭിമുഖം പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള അന്‍സിബയുടെ ഹര്‍ജി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ ആവശ്യമായ വകുപ്പുകള്‍ ഇല്ലെന്നും മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട്. ഈ സാഹചര്യത്തിലായിരുന്നു അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.








