ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെ ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പുലർച്ചെ യാത്രക്കാർ ഉറങ്ങിക്കിടന്ന സമയത്താണ് ബസിന് തീപിടിച്ചത്. പെട്ടെന്ന് പുക നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. അകത്ത് കുടുങ്ങിക്കിടന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ ഗ്രേറ്റർ നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയര്‍ഫോഴ്‌സും ജേവാര്‍ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.








