തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന സംഭവം; ബൈക്ക് കഷണങ്ങളാക്കി ആക്രിക്കാരന് വിറ്റു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന സംഭവത്തില്‍ രണ്ടു യുവാക്കളെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. തങ്കയം സ്വദേശി ഷര്‍ബാസ്(22), പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി മുഹമ്മദ് സാബിത്ത്(21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒരാള്‍ കൂടി സംഘത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈക്ക് മോഷണം പോയത്. ഇളമ്പച്ചി തലിച്ചാലം സ്വദേശിയായ അധ്യാപകന്‍ പിവി പ്രശോഭിന്റെ ബൈക്കാണ് പ്രതികള്‍ കവര്‍ന്നത്. രാവിലെ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട് കാസര്‍കോട്ടേയ്ക്ക് പോവുകയായിരുന്നു പ്രശോഭ്. വൈകീട്ട് തിരിച്ചുവന്നപ്പോഴാണ് ബൈക്ക് കാണാതായത് ശ്രദ്ധയില്‍പെടുന്നത്. പരാതിയെ തുടര്‍ന്ന് സിസിടിവി ക്യാമറ പരിശോധിച്ചുള്ള അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞു. കൂടാതെ പുഞ്ചക്കാട് സ്വദേശിയായ ഒരാള്‍ പ്രതികളെ കുറിച്ച് ഉടമസ്ഥനെ വിവരം അറിയിച്ചു. ഉടമസ്ഥന്‍ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയും പിന്നീട് പ്രതികളെ പിടികൂടുകയുമായിരുന്നു. അന്വേഷണത്തില്‍ ബൈക്ക് കഷണങ്ങളാക്കിയ നിലയില്‍ ആക്രിക്കാരനില്‍ നിന്ന് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page