കാസര്കോട്: കാസര്കോട് ബാങ്ക് റോഡിലെ ലോഡ്ജില് പത്താം ക്ലാസ് വിദ്യാര്ത്ഥി തൂങ്ങിമരിച്ച സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂര് വേമ്പല്ലൂര് സ്കൂളിലെ വിദ്യാര്ത്ഥിയായ അഴീക്കോട് കാപ്പിലെ ടി എം അബ്ദുല് നിഹാലി(15)നെ ഇന്നലെ വ്യാഴം രാത്രി എട്ടുമണിയോടെയാണ് ലോഡ്ജ് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് സ്കൂളിലെ തിരിച്ചറിയല് കാര്ഡിന്റെ കോപ്പി നല്കി നിഹാല് ലോഡ്ജില് മുറിയെടുത്തത്. ഒരു ദിവസത്തേക്ക് ആണെന്നാണ് മുറിയെടുക്കുമ്പോള് പറഞ്ഞിരുന്നത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടര്ന്നാണ് ജീവനക്കാരന് മുറിക്ക് മുന്നില് എത്തിയത്. തട്ടി വിളിച്ചിട്ടും അകത്തുനിന്ന് പൂട്ടിയ വാതില് തുറന്നില്ല. ജനല് വഴി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്ന്ന് പൊലീസ് സ്ഥലത്തെത്തി മുറിക്കു കാവല് ഏര്പ്പെടുത്തി.

റൂം എടുത്തത് യുവാവ് ആണെന്നാണ് ആദ്യം കരുതിയത്. എന്നാല് ലോഡ്ജില് നല്കിയ തിരിച്ചറിയല് കാര്ഡില് ഉണ്ടായിരുന്ന മൊബൈല് ഫോണില് ബന്ധപ്പെട്ടപ്പോഴാണ് പത്താം ക്ലാസ് വിദ്യാര്ത്ഥിയാണെന്ന് മനസ്സിലായത്. നിഹാലിനെ കാണാതായത് സംബന്ധിച്ച് കൊടുങ്ങല്ലൂര് പൊലീസില് പരാതി നല്കുകയും മിസ്സിങ്ങിന് കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് നിഹാലിനെ കാസര്കോട്ടെ ലോഡ്ജ് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ഈ വിവരം അറിഞ്ഞ് സഹോദരങ്ങള് അടക്കമുള്ള ബന്ധുക്കള് ഇന്ന് (വെള്ളി) ഉച്ചയോടെ കാസര്കോട് എത്തി. നിഹാലിന്റെ ചേതനയറ്റ ശരീരം കണ്ട് സഹോദരങ്ങള് പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാന് കൂടെ ഉണ്ടായിരുന്ന ബന്ധുക്കള് നന്നെ പാടുപെട്ടു.
14ന് രാവിലെ 6.15 മണിക്കാണ് നിഹാല് വീട്ടില്നിന്ന് ട്യൂഷന് ക്ലാസിന് പോകാനായി ഇറങ്ങിയത്. ഇറങ്ങും മുമ്പ് മാതാവിന് മുത്തം നല്കിയായിരുന്നു യാത്ര പറഞ്ഞത്. അപ്പോഴൊന്നും മകന് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. വൈകുന്നേരമായിട്ടും വീട്ടില് തിരിച്ചെത്താത്തതിനെ തുടര്ന്ന് അന്വേഷിക്കുന്നതിനിടയിലാണ് നിഹാല് ട്യൂഷന് ക്ലാസ്സിലോ, സ്കൂളിലോ എത്തിയില്ലെന്ന് വ്യക്തമായത്. നിഹാല് പഠിക്കാന് മിടുക്കനായിരുന്നുവെന്നും എസ് പി സി യില് അംഗമായിരുന്നുവെന്നും ബന്ധുക്കള് പറഞ്ഞു. സ്വന്തമായി മൊബൈല് ഫോണ് ഉപയോഗിക്കാറില്ല. അതിനാല് ബന്ധപ്പെടാനും കഴിഞ്ഞില്ല- ബന്ധുക്കള് പറഞ്ഞു. പിതാവ്: നസീര്: മാതാവ്: നഹ്റത്ത്. സഹോദരങ്ങള്: നാസിഖ്, നഹാസ്.







