ഓരിയിലെ പത്മനാഭന്റെ ദുരൂഹമരണം; ഉത്തരവാദികളെ പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ആലോചിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

ചെറുവത്തൂര്‍: പടന്ന ഓരിയിലെ പി.കെ പത്മനാഭന്‍ വെള്ളിക്കോത്ത് അടോട്ടെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും മരണത്തിന് ഉത്തരവാദികളെ പുറത്തു കൊണ്ടുവരണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുന്ന കാര്യം ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈമാസം 9 ന് രാവിലെ അടോട്ടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 11ന് ഞായറാഴ്ച ഉച്ചയോടെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ബന്ധു ഫോണില്‍ സംസാരിച്ചുകഴിഞ്ഞ ഉടനെ പത്മനാഭന് പൊള്ളലേറ്റതില്‍ അടിമുടി ദുരൂഹതയുണ്ട്. മൃതദേഹം ഓരിയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഭാര്യ മാധവിയോ രണ്ടു മക്കളോ ഒരുനോക്ക് കാണാന്‍പോലും എത്തിയിരുന്നില്ല. ഇതുതന്നെ വലിയ സംശയം ഉളവാക്കുന്നു. മാസങ്ങളായി ഭാര്യയും മക്കളും ഭക്ഷണം പോലും നല്‍കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പത്മനാഭന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. 22 വര്‍ഷം ഗള്‍ഫില്‍ കഠിനാധ്വാനം ചെയ്തു ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിക്കുകയും സ്വന്തമായി സ്ഥലവും വീടും എടുക്കുകയും ചെയ്ത പത്മനാഭന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ലെന്നും ഭാര്യയെയും മക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വാര്‍ഡ് മെമ്പര്‍ സി.വി രാജന്‍, കണ്‍വീനര്‍ മാമുനി രവി, വൈസ് ചെയര്‍മാന്‍ പി.പി പ്രസാദ്, ഒ.കെ രാജീവന്‍, എ.വി രാജേഷ്, സി.ഷിനു, വി.വി ഷെറിന്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page