കുമ്പള : കുമ്പള റയില്‍വേ സ്റ്റേഷന്‍ അണ്ടര്‍ പാസില്‍ സര്‍വ്വീസ് റോഡിലെ ഓവുചാലില്‍ നിന്നു മലിനജലം മുകളിലേക്കു ഒഴുകി വരുന്നു. ഇനിയിപ്പോ എന്തൊക്കെ സംഭവിക്കുമെന്ന് ആളുകള്‍ അതിശയിക്കുന്നു.
കുമ്പള ടൗണിലെ മുഴുവന്‍ ഹോട്ടലുകളിലേയും ലോഡ്ജുകളിലേയും മറ്റു കടകളിലേയും സകല മാലിന്യങ്ങളും വളരെക്കാലമായി ഓവുചാലിലേക്ക് ഒഴുക്കിവിടുകയാണ്. ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ പഞ്ചായത്തിന്റെ ഓവുചാല്‍ പൊട്ടുകയും പഞ്ചായത്ത് അതു അപ്പടി ഉപേക്ഷിക്കുകയുമായിരുന്നെന്നു പറയുന്നു. ഇതുമൂലം ദേശീയപാത നിര്‍മ്മാണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ ഓവുചാല്‍ ദേശീയ പാതയുടെ ഓവുചാലുമായി ബന്ധിപ്പിച്ചു പ്രശ്‌നം തല്‍ക്കാലത്തേക്കു പരിഹരിക്കുകയായിരുന്നു. ഈ ഓവുചാലിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ റയില്‍വെ അണ്ടര്‍ പാസിനടുത്തു ദേശീയപാത ഓവുചാലില്‍ കെട്ടിക്കിടന്നാണ് മലിനജലം കെട്ടി നിന്നു പുറത്തേക്കു കടക്കുന്നതെന്നു പറയുന്നു. മലിന ജലത്തിന്റെ ദുര്‍ഗന്ധവും ദുസ്സഹമാണെന്നു യാത്രക്കാര്‍ പറയുന്നു. ഇത്തരത്തില്‍ ഒഴുകി റോഡില്‍ പരക്കുന്ന മലിനജലത്തില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ അത് തെറിച്ച് യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മാലിന്യത്തോടൊപ്പം വസ്ത്രങ്ങളും ദുര്‍ഗന്ധമാവുന്നു. ഹോട്ടലുകള്‍ക്ക് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കുന്നതിന് കെട്ടിട നിര്‍മ്മാണച്ചട്ടം പരിപൂര്‍ണ്ണമായി പാലിച്ചെന്നു ബന്ധപ്പെട്ടവര്‍ ജീവനക്കാര്‍ ശുപാര്‍ശ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ജീവനക്കാരെക്കൊണ്ട് പണ്ടുമുതല്‍ അത് ഭരണക്കാര്‍ എല്ലാ ചട്ടവും പാലിച്ചുവെന്ന് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഇപ്പോഴും അതേ പടി തുടരുകയാണെന്നു പറയുന്നു. രാഷ്ട്രീയക്കാരെ അനുസരിക്കുന്നവര്‍ക്ക് പൊറോട്ടയും പോത്തിറച്ചിയും കിട്ടുമെന്നു നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
മഴക്കാലത്ത് ഓവുചാല്‍ നിറഞ്ഞ് മാലിന്യങ്ങളും മലിനജലവും റെയില്‍വെ അണ്ടര്‍പാസില്‍ കെട്ടിക്കിടക്കുന്നതും പതിവാണെന്നും പരാതിയുണ്ട്.







