കാസര്‍കോട്: ദുബായില്‍ കാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നോര്‍ത്ത് ചിത്താരി മീത്തല്‍ പരേതനായ ടിവി മൊയ്തീന്റെ മകന്‍ ടി.വി ഫിറോസി(32)ന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് ജന്മനാട്ടിലെത്തിച്ചത്. ആറുമണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം എട്ടുമണിയോടെ ചിത്താരിയിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ചിത്താരി ഖിളിര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ചൊവ്വാഴ്ച ദുബായിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ഉച്ചയോടെയാണ് ഫിറോസിന്റെ മൃതദേഹം കാറില്‍ നിന്ന് കണ്ടെത്തുന്നത്. ജുമുഅ നിസ്‌കാരത്തിന് പോയ യുവാവിനെ കാണാതാവുകയായിരുന്നു. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്ത കാറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉമ്മുല്‍ ഖുവൈനില്‍ സഹോദരങ്ങള്‍ക്കപ്പം സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. കെഎംസിസി നേതാക്കളായ അഷറഫിന്റയും സൈനുദ്ദീനിന്റെയും സഹോദരനാണ് ഫിറോസ്.







