എണ്‍പതുകളിലെ ദക്ഷിണേന്ത്യന്‍ സിനിമയുടെ ഗ്ലാമര്‍ പ്രതീകമായി മാറിയ സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 30 വര്‍ഷം. 1996 സെപ്റ്റംബര്‍ 23-നാണ് ചെന്നൈയിലെ വസതിയില്‍ വിജയലക്ഷ്മി വട്‌ലപതി എന്ന സില്‍ക്ക് സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 36-ാം വയസിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 1718 വര്‍ഷം നീണ്ട കരിയറില്‍ 450-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായാണ് നിരവധി രേഖകള്‍ പറയുന്നത്. ഒരുകാലത്ത് ഒരേ ദിവസം ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട തിരക്കേറിയ താരമായിരുന്നു അവര്‍. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു നൃത്തചിത്രീകരണത്തിന് ലഭിച്ചിരുന്ന പ്രതിഫലം അക്കാലത്തെ നായികമാരുടെ പ്രതിഫലത്തേക്കാള്‍ കൂടുതലായിരുന്നു. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടാല്‍ പ്രേക്ഷകരുടെ കണ്ണുകള്‍ അവരിലേക്ക് പതിയുമായിരുന്നു. ഒരു പാട്ടിലോ ഏതാനും രംഗങ്ങളിലോ മാത്രം എത്തിയാലും സിനിമയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ കഴിഞ്ഞ താരം.

ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത് സാധാരണ കുടുംബത്തിലാണ് ജനിച്ചത്. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ചെറുപ്പത്തിലേ പഠനം അവസാനിപ്പിച്ച സ്മിത പിന്നീട് മദ്രാസിലെത്തി. സിനിമയില്‍ മേക്കപ്പ്, ടച്ച്-അപ്പ് സഹായിയായാണ് എത്തിയത്. ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്ത് ചുവടുവച്ചു. സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെ തേടി’യിലൂടെയാണ് നായികയായി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന് റിലീസ് വൈകിയെങ്കിലും ഈ ചിത്രവുമായി ബന്ധപ്പെട്ടാണ് ‘സ്മിത’ എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. തമിഴ് സിനിമയിലെ ‘വണ്ടിച്ചക്രം’ ആയിരുന്നു ജീവിതം മാറ്റിമറിച്ച വഴിത്തിരിവ്. ചിത്രത്തില്‍ ‘സില്‍ക്ക്’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പേര് പിന്നീട് സ്വന്തം പേരിന്റെ ഭാഗമായി മാറി വിജയലക്ഷ്മി ‘സില്‍ക്ക് സ്മിത’യായി. ചിത്രത്തിന്റെ വിജയത്തോടെ ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി എത്തി. നൃത്തച്ചുവടുകള്‍ക്കും സ്‌ക്രീന്‍ സാന്നിധ്യത്തിനും പ്രത്യേക വിപണിമൂല്യം ലഭിച്ചതോടെ വിതരണക്കാര്‍ പോലും സിനിമകളില്‍ സില്‍ക്ക് സ്മിതയുടെ സാന്നിധ്യം ആവശ്യപ്പെടുന്ന കാലമുണ്ടായി.
‘മൂന്നാം പിറൈ’, ‘അലൈകള്‍ ഒയിവതില്ലൈ’, ‘അഥര്‍വം’, ‘സ്ഫടികം’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും സില്‍ക്ക് സ്മിതയുടെ അഭിനയശേഷിയുടെ മറ്റൊരു വശം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.
സ്മിതയുടെ ജീവിതം ആസ്പദമാക്കിയാണ് വിദ്യാ ബാലന്‍ നായികയായ ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ഹിന്ദി ചിത്രം നിര്‍മ്മിച്ചത്. രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവുംഅവര്‍ വേഷമിട്ടു. 1983-ല്‍ മാത്രം 44 സിനിമകളില്‍ അഭിനയിച്ചു എന്നത് അവരുടെ ജനപ്രീതിയുടെ തെളിവാണ്. സ്മിതയുടെ മരണം ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും, അതിലേക്ക് നയിച്ച യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും പലതരത്തിലുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നു.
‘ഒരു നടിയാകാന്‍ ഞാന്‍ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. ആരും എന്നെ സ്‌നേഹിച്ചില്ല. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്തു’ -ഇാതായിരുന്നു ആത്മഹത്യാകുറിപ്പ്.
പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറിപ്പ് വ്യക്തമായി വായിച്ചെടുക്കാനായില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സില്‍ക്ക് സ്മിതയുടെ അവസാന നാളുകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.









