കുമ്പള: വ്യാജ പത്രപ്രവര്‍ത്തകരെക്കൊണ്ടു മഞ്ചേശ്വരമുള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ പൊതു പരിപാടികളുടെ സംഘാടകരും ജനങ്ങളും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകരും വീര്‍പ്പുമുട്ടുന്നെന്നു കുമ്പള പ്രസ് ഫോറം ഭാരവാഹികളായ അബ്ദുള്ള കുമ്പള, ഐ മുഹമ്മദ് റഫീഖ് എന്നിവര്‍ മുഖ്യമന്ത്രിയോടും ഡി ജി പിയോടും പരാതിപ്പെട്ടു.
പൊതു പരിപാടികളില്‍ മൊബൈല്‍ ഫോണുകളും മൈക്കും ക്യാമറകളുമായി കൂട്ടമായെത്തുന്ന ഇക്കൂട്ടര്‍ പരിപാടി അലങ്കോലപ്പെടുത്തുന്ന ഘട്ടംവരെ എത്തിക്കഴിഞ്ഞുവെന്നു പരാതിയില്‍ പറഞ്ഞു. ഇത് യഥാര്‍ത്ഥ പത്രപ്രവര്‍ത്തകര്‍ക്കു ഫോട്ടോ എടുക്കാനോ, വാര്‍ത്ത ശേഖരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. സംഘാടകരും പരിപാടി വീക്ഷിക്കാനെത്തുന്നവരും വിഷമിക്കുന്നു.
ഇത്തരക്കാരില്‍ പലരും പ്രധാന പത്രങ്ങളുടെയും ചാനലുകളുടെയും വ്യാജ ഐഡന്റിറ്റി കാര്‍ഡും കൊണ്ടു നടക്കുന്നു. ചിലര്‍ക്ക് ഒരു ഡസന്‍ വരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുള്ളതായും പരാതിയുണ്ട്. ഇതിനു പുറമെ സ്വകാര്യ കാറുകളില്‍ പ്രസ് സ്റ്റിക്കര്‍ പതിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തുന്നെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനു പുറമെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ പണം വേണമെന്ന് ഇക്കൂട്ടര്‍ സംഘടിതരായെത്തി പണപ്പിരിവു നടത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു. ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ എന്തുമാവാമെന്ന സ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനു വലിയ കളങ്കമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെക്കുറിച്ചു ജില്ലാ പൊലീസ് മേധാവികള്‍ക്കു പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടാവുന്നില്ലെന്നും ഡി ജി പി ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.







