കാസര്‍കോട്: പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിവച്ചിരുന്ന പണം കാരുണ്യ യാത്രയ്ക്കു നല്‍കി ആംബുലന്‍സ് ഡ്രൈവര്‍ മാതൃകയായി. വെള്ളരിക്കുണ്ട്, പരപ്പയിലെ ഉണ്ണിയാണ് മാതൃകയായത്. ഇന്നലെ ഉണ്ണിയുടെ 29-ാം പിറന്നാള്‍ ആയിരുന്നു. കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ബസ് ജീവനക്കാരന്‍ കാട്ടിപ്പൊയില്‍, പള്ളത്തെ രാജേഷിനെ സഹായിക്കാന്‍ പരപ്പ- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന തമ്പുരാട്ടി ബസ് നടത്തിയ കാരുണ്യ യാത്രയെക്കുറിച്ച് അറിഞ്ഞ ഉണ്ണി മറ്റൊന്നും ആലോചിച്ചില്ല. പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ച തുക കാരുണ്യ യാത്രയ്ക്കു കൈമാറുകയായിരുന്നു. ഉണ്ണിയുടെ സഹായ മനസ്‌ക്കതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.







