കല്ലക്കട്ട: വിദ്യാനഗര്‍ എരുതുംകടവ് കല്ലകട്ട ജില്ലാ പഞ്ചായത്ത് റോഡിലെ ഊജങ്കോട് വളവില്‍ അപകടഭീഷണി. റോഡിനു വീതിക്കുറവും വളവും മാത്രമല്ല. സൈഡിന് സുരക്ഷാ സംവിധാനങ്ങളുമില്ല. ഇതെല്ലാം പോകട്ടെ. വളവില്‍ത്തന്നെ റോഡിനോട് ചേര്‍ന്ന് പൊട്ടക്കിണറുമുണ്ട്. കിണറിനു ചുറ്റും കാടുകറിയിട്ടുമുണ്ട്.
ഒരു വാഹനം വളവിലൂടെ കടന്നുപോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നെത്തുന്ന വാഹനത്തിന് സുരക്ഷിതമായി കടന്നുപോകാന്‍ മതിയായ വീതി ഇവിടെയില്ല. റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ നിലയിലാണ്. റോഡിന്റെ ഇരുവശങ്ങളിലും ആഴമേറിയ നെല്‍വയലുകളാണുള്ളത്. വാഹനങ്ങള്‍ റോഡിന്റെ അരികിലേക്ക് മാറുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ആവശ്യമായ സുരക്ഷാഭിത്തിയോ സംരക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാര്‍ ഭീതിയിലാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണിത്. ബസുകളും മറ്റ് വാഹനങ്ങളും അപകടസാധ്യതയുള്ള വളവ് കടന്നുപോകുന്നത് ആശങ്കാജനകമാണ്.
റോഡിന്റെ വീതി വര്‍ധിപ്പിക്കുക, ഇടിഞ്ഞ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുക, സുരക്ഷാഭിത്തി സ്ഥാപിക്കുക, പൊട്ടക്കിണര്‍ ഉള്‍പ്പെടെയുള്ള അപകടഭീഷണിയുള്ള ഭാഗങ്ങള്‍ സുരക്ഷിതമാക്കുക തുടങ്ങിയ അടിയന്തര നടപടികള്‍ ഉണ്ടാനുണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അപകടം സംഭവിച്ചതിനുശേഷം അനുശോചിക്കാന്‍ കാത്തിരിക്കാതെ അപകട സാധ്യത ഒഴിവാക്കാനല്ലേ, അധികൃതരെന്നു നാട്ടുകാര്‍ ആരായുന്നുണ്ട്.







