വ്യാജ നമ്പര്‍ പ്ലേറ്റുമായി പിടിയിലായ കാര്‍ ബന്തിയോട്ടെ വ്യാപാരിയുടേത്; കാര്‍ വാടകയ്‌ക്കെടുത്തതെന്നു പിടിയിലായ യുവാക്കളുടെ മൊഴി

കാസര്‍കോട്: പൈവളിഗെ, ചേവാറിലെ റിസോര്‍ട്ടിനു സമീപത്തു നിന്നു ദുരൂഹ സാഹചര്യത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റുമായി പിടിയിലായ കാറിന്റെ യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞു. ബന്തിയോട്ടും ബംഗ്‌ളൂരുവിലും വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വരുന്ന മള്ളങ്കൈയിലെ അലി മുക്താറി (34)ന്റേതാണ് കാര്‍. ആഗസ്റ്റ് 31ന് അടുക്ക, ഗുര്‍മയില്‍ വച്ച് വ്യാപാരിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാറാണ് വ്യാജ നമ്പര്‍ പ്ലേറ്റുമായി പിടിയിലായതെന്നു അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലാണ് ചേവാറിലെ റിസോര്‍ട്ടിനു സമീപത്തു ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട ആള്‍ട്ടോ കാര്‍ പൊലീസിന്റെ പിടിയിലായത്. കാറിനകത്തു ഉണ്ടായിരുന്ന കയ്യാര്‍, മേര്‍ക്കളയിലെ മൂസ അഫ്‌സല്‍ (25), പച്ചമ്പള, പള്ളത്തൊട്ടിയിലെ നിസാമുദ്ദീന്‍ (19) എന്നിവരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരുങ്ങുന്നതു കണ്ടാണ് കാറിനകത്തു വിശദമായ പരിശോധന നടത്തിയത്. കാറിനകത്തു നിന്നു മറ്റൊരു നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയതോടെ സംശയം ഇരട്ടിച്ചു. കാറില്‍ ഉണ്ടായിരുന്നത് വ്യാജ നമ്പര്‍ പ്ലേറ്റാണെന്നു അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് വ്യാജ നമ്പര്‍ പ്ലേറ്റുമായി പിടിയിലായ കാര്‍, വ്യാപാരിയില്‍ നിന്നു തട്ടിയെടുത്തതാണെന്നു വ്യക്തമായത്.
കാര്‍ മറ്റൊരാളില്‍ നിന്നു രണ്ടു ദിവസം മുമ്പ് വാടകയ്‌ക്കെടുത്തതാണെന്നാണ് പിടിയിലായ യുവാക്കള്‍ നല്‍കിയ മൊഴി. അന്വേഷണം തുടരുകയാണെന്നു പൊലീസ് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page