കുമ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നടക്കുന്ന പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനെതിരേ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ‘ഓപ്പറേഷന്‍ തൂഫാന്‍’ മാതൃകയില്‍ പരിശോധന ആരംഭിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കേശവ നായക് കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊയിപ്പാടി, പുത്തിഗെ, ബായാര്‍ വില്ലേജുകളിലെ അനന്തപുരം, പാദക്കല്‍, പൈവളിഗെ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മണ്ണും ചെങ്കല്ലും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നത് തുടരുകയാണ്. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നു.
ഇതിനെതിരേ മന്ത്രിമാര്‍ക്കും, വകുപ്പ് മേധാവികള്‍ക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. അനിയന്ത്രിതമായ ഇത്തരം ചൂഷണം തുടര്‍ന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ പോലുള്ള ദുരന്തങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ ഭാവിയില്‍ ഈ പ്രദേശങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ചെങ്കല്‍ മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേശവ നായക് ആവശ്യപ്പെട്ടു.







