ന്യൂയോർക്ക്: സുരക്ഷാ പരീക്ഷണത്തിനിടെ ഗൂഗിളിന്റെ ജെമിനി എ.ഐ മോഡൽ മൂന്ന് കമ്പനികളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ലഭിച്ചതോ ഊഹിച്ചെടുത്തതോ ആയ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുകയും ചെയ്താണ് ജെമിനി സിസ്റ്റങ്ങളിൽ പ്രവേശിച്ചത്. ഗൂഗിളിന്റെ ഒരു എഐ മോഡലിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പെരുമാറ്റമുണ്ടാകുന്നത് ആദ്യമായാണ്. ആർടിഫിഷ്യൽ ഇന്‍റലിജൻസ് സിസ്റ്റങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ‘ഇറെഗുലർ’ എന്ന സ്വതന്ത്ര കമ്പനി നടത്തിയ സുരക്ഷാ പരിശോധനയിലാണ് ജെമിനി എഐ മോഡൽ കമ്പനികളുടെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്‌തതായി കണ്ടെത്തിയത്. ഒരു സംഭവത്തിൽ രഹസ്യ സുരക്ഷാ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനായി ജെമിനി പാസ്‌വേഡുകൾ ഊഹിച്ചെടുത്തതായാണ് റിപ്പോർട്ട്. ഒടുവിൽ യഥാർത്ഥ പാസ്‌വേഡ് കണ്ടെത്തി സിസ്റ്റത്തിൽ പ്രവേശിക്കുകയായിരുന്നു. മറ്റ് രണ്ട് കേസുകളിൽ, ഒരു പബ്ലിക് റിപ്പോസിറ്ററിയിൽ കണ്ടെത്തിയ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ചു ജെമിനി സംരക്ഷിത സംവിധാനത്തിലേക്ക് പ്രവേശിച്ചുവെന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ അവസാനത്തോടെ ഇറെഗുലർ കമ്പനിയാണ് ഈ വിവരങ്ങൾ ഗൂഗ്ളിനെ അറിയിച്ചത്. എന്നാൽ ഇത് എ.ഐ മോഡലിന്റെ പിഴവോ സുരക്ഷാ വീഴ്ചയോ അല്ലെന്നും, ജെമിനിയുടെ സുരക്ഷാ
സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ് ഇത് പരസ്യപ്പെടുത്താത്തതെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. അതേസമയം, ഈ സംഭവം എഐ മനുഷ്യന്റെ നിയന്ത്രണത്തിന് പുറത്തേക്ക് പോയതാണെങ്കിൽ അത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു.








