കാസര്‍കോട്: മംഗളൂരുവിലേക്ക് പുറപ്പെട്ട പ്രിയദര്‍ശിനി ബസിലെ യാത്രക്കാരനില്‍ നിന്ന് 20,000 രൂപ കവര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കളത്തൂര്‍ സ്വദേശിയും പിഗ്മി ഏജന്റുമായ രാഘവ(49)യുടെ കയ്യിലെ ബാഗില്‍ നിന്നാണ് പണം തട്ടിയെടുത്തത്. രാവിലെ കാസര്‍കോട് എത്തിയ രാഘവ ബാങ്കില്‍ പണം അടച്ച ശേഷം 20 രൂപ നോട്ടിന്റെ കെട്ടുകള്‍ വാങ്ങി ബാഗില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയോടെ കുമ്പളയിലേക്ക് ബസ് കയറി. മൊഗ്രാലിലെത്തിയപ്പോഴാണ് ബാഗിന്റെ സിബ്ബ് തുറന്ന നിലയില്‍ കണ്ടെത്തിയത്. ബാഗിനുളളില്‍ വച്ച പണവും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഭവം കണ്ടക്ടറെ അറിയിച്ചു. ബസ് കുമ്പള പൊലീസ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ബസ് അരമണിക്കൂറിന് ശേഷം യാത്ര തുടര്‍ന്നു. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.







