അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് വിധി. ഉച്ചയ്ക്ക് ശേഷം വിധിയുണ്ടായേക്കുമെന്നാണ് സൂചന.
എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിന്‍ തച്ചങ്കരി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. സര്‍വീസിലിരിക്കെ വീടുകള്‍, ഫ്‌ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം കോടതിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജ് കെ.വി.രജനീഷ് മുന്‍പാകെയാണ് വിചാരണ പൂര്‍ത്തിയായത്. മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നാണ് തച്ചങ്കരിയുടെ വാദം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page