കാസര്‍കോട്: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് മധൂര്‍ സ്വദേശിയുടെ 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഹിദായത്ത് നഗറിലെ അബ്ദുല്‍ റൗഫി(45)നാണ് പണം നഷ്ടമായത്. പരാതിയില്‍ ചാലക്കുടി സ്വദേശികളായ ഷൈമ സുകുമാരന്‍ നായര്‍, ജെയന്റ് ബേബി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇവര്‍ പരാതിക്കാരനില്‍ നിന്ന് 4,84,200 രൂപയാണ് തട്ടിയെടുത്തത്. യുകെയില്‍ ബാര്‍ ചെസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്പനിയിലാണ് ജോലി വാഗ്ദാനം ചെയ്തത്. ഇതിനായി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ ഈവര്‍ഷം ജുലൈ 10 വരെയുള്ള കാലയളവില്‍ പലതവണയായി പണം അയപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതുവരെ ജോലിയോ അയച്ച പണമോ തിരിച്ചു നല്‍കാതെ ചതിചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







