കാസര്‍കോട്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് യുവാവ് കിടപ്പു മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീർച്ചാൽ,പട്ടാജെയിലെ ചെനിയപ്പനായികിന്റെ മകന്‍ രഞ്ജിത്ത് (29)ആണ് ജീവനൊടുക്കിയത്. ഇന്നലെ (ബുധന്‍) പുലര്‍ച്ചെ അഞ്ചുമണിക്കും രാത്രി 8.30 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. വീട്ടുകാര്‍ പുലര്‍ച്ചെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് രഞ്ജിത്ത് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. രാത്രിയില്‍ വീട്ടുകാര്‍ തിരിച്ചെത്തിയ സമയത്തു വാതില്‍ അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കിടപ്പുമുറിയില്‍ നോക്കിയപ്പോഴാണ് രഞ്ജിത്തിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ ആയില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ശ്യാമള. സഹോദരങ്ങള്‍: സുജിത്ത്, സുപ്രിത. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത്ത്.ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.







