കാസര്‍കോട്: പ്രശസ്തമായ ആദൂര്‍, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. ബെള്ളൂര്‍, മദക്കയിലെ സതീശി(26)നെയാണ് ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടക, ബെട്ടംപാടിയിലെ ക്ഷേത്ര കവര്‍ച്ചാകേസില്‍ പുത്തൂര്‍ പൊലീസാണ് സതീശയെ ആദ്യം അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിലാണ് ആഗസ്റ്റ് 24ന് രാത്രി നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നത് സതീശയാണെന്നു വ്യക്തമായത്. ആഗസ്റ്റ് 18ന് കിന്നിംഗാര്‍, കൊച്ചിയിലെ കര്‍ഷകന്‍ മോഹന കൃഷ്ണ ഭട്ടിന്റെ റബ്ബര്‍ പുരയില്‍ നിന്നു 250 റബ്ബര്‍ഷീറ്റ് കവര്‍ച്ച ചെയ്തതും സതീശയാണെന്നു വ്യക്തമായി.
ഇക്കാര്യം പുത്തൂര്‍ പൊലീസ് ആദൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദൂര്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് സതീശയെ കസ്റ്റഡിയില്‍ വാങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സതീശയെ ക്ഷേത്രത്തിലും റബ്ബര്‍പുരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
നെട്ടണിഗെ ക്ഷേത്രത്തിലെ സിസി ടി വി ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സതീശയെ പുത്തൂർ പൊലീസിന്റെ പിടിയിലായത് .







