തന്റെ സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി നല്‍കുമെന്ന പറഞ്ഞ 70കാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി, മരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ചു, പിന്നാലെ അറസ്റ്റ്

ചെന്നൈ: തന്റെ സ്വത്തെല്ലാം അനാഥാലയത്തിനു എഴുതിക്കൊടുക്കുമെന്നുപറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സര്‍ക്കാര്‍ ബസ് ഡ്രൈവറായി വിരമിച്ച ചെന്നൈ പെരുങ്കുടി സ്വദേശി ശിവപതം ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപതത്തിന്റെ ഭാര്യ രേണുക (50), മകന്‍ മധുസൂദനന്‍ (38) എന്നിവര്‍ അറസ്റ്റിലായി. പെരുങ്കുടിക്കുസമീപം ഓള്‍ഡ് മഹാബലിപുരം റോഡില്‍ വിവിധസ്ഥലങ്ങളില്‍ ശിവപതത്തിന് വീടുകളുണ്ട്. അതില്‍നിന്നുള്ള വാടക വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മകന്‍ മധുസൂദനന്‍ ജോലി ഉപേക്ഷിച്ച് പത്തുമാസം മുന്‍പ് ശിവപതത്തോടൊപ്പമാണ് താമസം. അതിനിടെ കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പ് ശിവപതം വാലജാബാദിനടുത്ത തന്റെ ജന്മഗൃഹത്തിലേക്കു താമസംമാറിയിരുന്നു. ഒറ്റയ്ക്കു താമസിക്കുന്നത് അധികച്ചെലവാണെന്നും തങ്ങള്‍ക്കൊപ്പം ചെന്നൈയിലേക്കു തിരിച്ചുവരണമെന്നും ആവശ്യപ്പെട്ട് ശിവപതത്തെ കാണാന്‍ ഭാരയും മകനും എത്തിയിരുന്നു. ചെന്നൈയില്‍ വാടകവീടുകളില്‍നിന്നു ലഭിക്കുന്ന പണത്തില്‍ ഒരു വിഹിതം തനിക്കുതരണമെന്ന് ശിവപതം ആവശ്യപ്പെട്ടു. എന്നാല്‍ രേണുകയും മകനും അതിനു തയ്യാറായില്ല. തുടര്‍ന്ന് മൂവരും വഴക്കായി. അതിനിടെ തന്റെ എല്ലാ സ്വത്തുക്കളും അനാഥാലയത്തിന് എഴുതിക്കൊടുക്കുമെന്ന് ശിവപതം ഭീഷണിമുഴക്കി. സംഭവത്തിന് ശേഷം ദിവസങ്ങള്‍ക്കകം ശിവപതം മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു രേണുകയും മകനും ബന്ധുക്കളോട് പറഞ്ഞിരുന്നത്. സംസ്‌കാരം നടത്താനും ധൃതി കൂട്ടി. ശിവപതത്തിന്റെ ദേഹത്ത് മുറിവുകള്‍ കണ്ടതിനാല്‍ നാട്ടുകാര്‍ക്ക് ദുരൂഹത തോന്നി. ഇതോടെ മരണത്തില്‍ സംശയമുണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ടില്‍ ശിവപതത്തിന്റെ ശരീരത്തില്‍ മുറിവുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് രേണുകയെയും മധുസൂദനനെയും വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്.
പിതാവിനെ കത്തികൊണ്ട് കുത്തിക്കൊന്നതാണെന്ന് മകന്‍ മൊഴിനല്‍കി. രേണുകയാണ് വീട്ടിലെ രക്തക്കറകള്‍ തുടച്ചുമാറ്റിയതെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page