കാസര്‍കോട്: ഹെല്‍മെറ്റ് ധരിക്കാതെ മദ്യലഹരിയില്‍ അമിത വേഗതയില്‍ ദേശീയപാതയിലൂടെ ബൈക്കോടിച്ച സംഭവത്തില്‍ സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കും തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയുമായ കെഎ അനീഷ്‌കുമാര്‍(39), ഓവര്‍സീയര്‍ കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശി എ രവീന്ദ്രന്‍(49) എന്നിവര്‍ക്കെതിരെയാണ് കേസ്. ഹെല്‍മെറ്റ് ധരിക്കാതെ മദ്യലഹരിയില്‍ മംഗളൂരുഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേയ്ക്ക് ബൈക്കോടിച്ചെന്നാണ് കേസ്. രണ്ടാംപ്രതിയെ പിറകിലിരുത്തി മനുഷ്യജീവന് അപകടം വരുത്തും വിധം അശ്രദ്ധയില്‍ വാഹനം ഓടിക്കുകയും പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്നുമാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മഞ്ചേശ്വരം ഗ്രേഡ് എസ്.ഐ വി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ ഹൈവേ പട്രോളിങ് നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ സാഹസികമായി ബൈക്കോടിച്ചുവന്നത്. പൊലീസിന്റെ കണ്ടപ്പോള്‍ ‘നിര്‍ത്തണ്ട സ്പീഡില്‍ വിട്ടോ’ യെന്ന് പിറകിലിരുന്ന ആള്‍ പറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബൈക്കിനെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വച്ച് പിടികൂടുകയായിരുന്നു. മദ്യപിച്ചെന്ന് മനസിലായതോടെ ബൈക്ക് യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.








