പെരിയ, ആയംപാറയില്‍ കെട്ടിയിട്ട പൂവന്‍ കോഴിയെ കയറോടെ വിഴുങ്ങിയ പെരുമ്പാമ്പ് ഊരാക്കുടുക്കിലായി

കാസര്‍കോട്: വിറകുപുരയില്‍ കെട്ടിയിട്ട പൂവന്‍ കോഴിയെ, കെട്ടിയിടാന്‍ ഉപയോഗിച്ച കയറോടെ വിഴുങ്ങിയ പെരുമ്പാമ്പ് ഊരാക്കുടുക്കിലായി. പെരിയ, ആയംപാറ, കാനത്തിലെ മാലതിയുടെ വീട്ടിലെ കോഴിയെ ആണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പതിവ് പോലെ ഇന്ന് (ബുധന്‍) രാവിലെ കോഴിക്ക് തീറ്റ കൊടുക്കാന്‍ പോയതായിരുന്നു മാലതി. ഈ സമയത്ത് കോഴിയെ കണ്ടില്ല. വിശദമായി നോക്കിയപ്പോള്‍ വിറകുപുരയുടെ ഭിത്തിയോട് ചേര്‍ന്ന് പെരുമ്പാമ്പ് ചുരുണ്ടു കിടക്കുന്നതു കണ്ടു. ഭയന്നു വിറച്ച വീട്ടമ്മ മകനെ വിളിച്ചു. മകന്‍ ഓടിച്ചെന്ന് നോക്കിയപ്പോള്‍ പെരുമ്പാമ്പ് കോഴിയെ കെട്ടിയിടാൻ ഉപയോഗിച്ച കയറടക്കം വിഴുങ്ങിയതായി വ്യക്തമായി. കയര്‍ പൊട്ടാത്തതിനാല്‍ പാമ്പിനു രക്ഷപ്പെടാനും കഴിഞ്ഞില്ല. വിവരം ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യുവറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ.ടി.എസ് പനയാലിനെ അറിയിച്ചു. അദ്ദേഹം സ്ഥലത്തേക്ക് കുതിച്ചെത്തി. കോഴിയെ കെട്ടിയിട്ട കയര്‍ മുറിച്ചു മാറ്റിയാണ് പാമ്പിനെ ഊരാകുടുക്കിൽ നിന്നു രക്ഷപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page