കാസര്‍കോട്: ബേക്കല്‍, മൗവ്വലില്‍ നിയന്ത്രണം വിട്ട കോഴി ലോറി ഇടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് മൗവ്വല്‍ റോഡ് വഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
ഇന്ന് (ബുധന്‍) പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. നീലേശ്വരത്തെ വിവിധ കടകളില്‍ കോഴികളെ ഇറക്കി മേല്‍പ്പറമ്പിലേക്ക് വരികയായിരുന്നു ലോറി.

ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ബേക്കല്‍ റെയില്‍വെ മേല്‍പ്പാലത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കെ.എസ്.ടി.പി റോഡ് വഴിയുള്ള വാഹനങ്ങളെ പെരിയ റോഡ്-മൗവ്വല്‍ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഭാരം കൂടിയ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ഈ റോഡ് വഴി ഗതാഗതം തിരിച്ചു വിട്ട ദിവസം തന്നെ ഫ്രിഡ്ജുകള്‍ കയറ്റിപ്പോവുകയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടിരുന്നു. അന്നു വൈദ്യുതി ലൈനില്‍ തട്ടി ലോറിക്കു തീപിടിച്ചാണ് അപകടം ഉണ്ടായത്. പൊതുവെ വീതി കുറഞ്ഞ മൗവ്വല്‍ റോഡില്‍ കൂടി വലിയ വാഹനങ്ങള്‍ കടത്തി വിടുന്നത് അപകടത്തിന് ഇടയാക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇന്നത്തെ അപകടത്തെ തുടര്‍ന്ന് ചെറിയ വാഹനങ്ങളെ ബിലാല്‍ നഗര്‍ വഴി തിരിച്ചുവിട്ടു.








