ജില്ലയുടെ 27-ാമത് കളക്ടര്‍; ശ്രീധന്യ സുരേഷ് ചുമതലയേറ്റു; എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: കാസര്‍കോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതല കൈമാറി. ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ശ്രീധന്യാ സുരേഷ് പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച് പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി വിശദമായ പഠനം നടത്തും. വികസനകാര്യത്തില്‍ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ഥിച്ചു.
കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്ന പട്ടിക വര്‍ഗ മേഖലയില്‍ നിന്നുള്ള ആദ്യ വനിതയാണ്. ജില്ലയിലെ രണ്ടാമത്തെ വനിതാ ജില്ലാ കളക്ടര്‍ കൂടിയാണ് ഇവര്‍. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു ശ്രീധന്യ. 2018 ലെ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി. ഇതോടെ സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഐ എ എസ് നേടുന്ന ആദ്യവനിതയെന്ന ഖ്യാതി ശ്രീധന്യ സുരേഷ് നേടി. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിരുന്നു. ഉത്തരഖണ്ഡ് മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. കോഴിക്കോട് അസിസ്റ്റന്റ കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍, രജിസ്ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി ) ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വയനാട് പൊഴുതന ഇടിയം വയല്‍ അമ്പല കൊല്ലി ഊരില്‍ സുരേഷിന്റെയും കമലത്തിന്റെയും മകളാണ്. ഗായക് ആര്‍ ചന്ദാണ് ഭര്‍ത്താവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page