കാസര്‍കോട്: നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ സ്വര്‍ണ്ണപ്പണിക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ബന്തിയോട്, മള്ളങ്കൈ സ്വദേശിയും കുമ്പളയിലെ സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളിയുമായ വൈ എന്‍ പുണ്ഡരിക ആചാര്യ (56) ആണ് മരിച്ചത്.
വീട്ടില്‍വച്ച് നേരിയ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പുണ്ഡരിക മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പുണ്ഡരിക തനിച്ചാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തി ടോക്കണ്‍ എടുത്ത് ഡോക്ടറെ കാണാനുള്ള ഊഴത്തിനായി കാത്തു കാത്തിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടറും ജീവനക്കാരും ഓടിയെത്തി അടിയന്തിര വൈദ്യ സഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. പരേതരായ വൈഎന്‍ നാരായണ ആചാര്യ-രാധ ദമ്പതികളുടെ മകനാണ് പുണ്ഡരിക.
ഭാര്യ: ഭാരതി. മക്കള്‍: വന്ദന, യതിന്‍. സഹോദരങ്ങള്‍: പരേതരായ യാദവ ആചാര്യ, വാമനാചാര്യ.







