ബദിയടുക്ക: ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിലെ പെർള -ബദിയടുക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്ന പള്ളത്തടുക്ക പാലത്തിൽ കുഴി രൂപപ്പെട്ടു. ഒന്നര മീറ്റർ ചുറ്റളവിലുള്ള കുഴിക്ക് ഏകദേശം 15 സെന്റിമീറ്റർ ആഴമുണ്ട്. ഇത് വലിയ അപകടങ്ങൾക്കുള്ള വഴിയാകുമെന്നു നട്ടുകാരും യാത്രക്കാരും വാഹനങ്ങളും ഭയക്കുന്നു.
പാലത്തിന്റെ ബദിയടുക്ക ഭാഗത്ത് ഇടതുവശത്താണ് കുഴി രൂപപ്പെട്ടിട്ടുള്ളത് . ദിവസേന 30-ലധികം ബസുകളും അതിന്റെ പത്തിരട്ടി മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. ഈ റോഡിൽ ടോറസ് ലോറികളിൽ കരിങ്കല്ല് കയറ്റിപ്പോകുന്നത് അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഇത് റോഡിൽ വലിയ കുഴികൾ ഉണ്ടാകാൻ കാരണമായിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.
പള്ളത്തടുക്ക പാലം മുൻപ് തന്നെ ശോചനീയാവസ്ഥയിലായിരുന്നു. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു വീണ് കമ്പികൾ പുറത്തേക്ക് കാണാറായ നിലയിലായിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയപ്പോൾ അധികൃതർ താടിക്കു കൈകൊടുത്തിരുന്നു. ഇപ്പോൾ പാലത്തിന് മുകളിൽ തന്നെ കുഴി രൂപപ്പെട്ടിരിക്കുന്നത് പൊതുജനങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.







