കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുമ്പ് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നഴ്സിങ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിലായി. നിലമ്പൂർ ചപ്പാത്ത് ചോക്കാട് അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സൂര്യ (23) എന്നിവരാണ് പിടിയിലായത്.
നേരത്തെ പിടിയിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇവരിലേക്ക് പന്തീരാങ്കാവ് പൊലീസ് എത്തിയത്. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിലാണ് താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും പൊലീസ് പറഞ്ഞു. നേരത്തേ അറസ്റ്റിലായവരുടെ മൊബൈൽഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയും അജ്മലും വലയിലായത്.
അജ്മൽ നേരത്തെയും ലഹരി കേസിൽ പിടിയിലായിരുന്നു. ഇരുവരും ഡൽഹിയിൽ താമസിക്കുന്നതിനിടയിലാണ് ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായത്. ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി കൈമാറുകയാണ് ഇരുവരും ചെയ്തിരുന്നത്. ഇരുവരുടെയും പക്കൽനിന്ന് ലഹരിവസ്തു തൂക്കുന്ന ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും പാൻ കാർഡുകളും ലഹരി പാക്കറ്റുകളിലാക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് പന്തിരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഏഴുപേർ പൊലീസിന്റെ പിടിയിലായി.








