കാസര്‍കോട്: കുമ്പള ദേവീനഗറില്‍ സര്‍വീസ് റോഡുകള്‍ തകര്‍ന്നു. ഇതോടെ റോഡപകടങ്ങളും വര്‍ധിച്ചു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡുകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരാഴ്ച മുമ്പാണ് ദേവീനഗറില്‍ സര്‍വീസ് റോഡിലെ ഓവുചാലിന്റെ മുകളിലെ സ്ലാബ് തകര്‍ന്നത്. ഇതേ തുടര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ ദേശീയപാത അധികൃതര്‍ റെഡ് പ്ലാസ്റ്റിക് ബാരിക്കേഡ് വച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതേസമയം തകര്‍ന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാരിക്കേഡ് വച്ചതോടെ വാഹനങ്ങള്‍ തോന്നിയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുകയാണ്. മിക്ക ദിവസങ്ങളിലും വാഹനാപകടങ്ങള്‍ നടക്കുകയാണ്. ഞായറാഴ്ചയും അപകടം നടന്നു. സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡ് നന്നാക്കാനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കണമെന്ന് വാഹനയാത്രക്കാരും നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടു.







