കാസർകോടിന്റെ വികസനക്കുതിപ്പിന് വിത്ത് വിതച്ചു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മടങ്ങുന്നു 


കാസർകോട് : സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരവുമായി കാസർകോട് ജില്ലയുടെ അമരക്കാരനായി എത്തിയത് അർജുൻ പാണ്ഡ്യൻ ജില്ലയുടെ വികസനക്കുതിപ്പിന് വേഗത പകർന്നശേഷം ജില്ലയിൽ നിന്ന് വിട പറയുന്നു.
പതിനാറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും കുറ്റമറ്റതുമായി പൂർത്തിയാക്കിയ അദ്ദേഹം ജില്ലയിലെ ഭരണനിർവഹണ രംഗത്ത് തുടക്കത്തിലേ തന്നെ കരുത്തുറ്റ സാന്നിധ്യമറിയിച്ചു .
പർവതാരോഹണം ഇഷ്ടപ്പെടുന്ന അർജുൻ പാണ്ഡ്യന് പൊതുതെരഞ്ഞെടുപ്പ് പരാതിരഹിതമായി പൂർത്തിയാക്കുകയെന്നത് മറ്റൊരു വിജയകരമായ ദൗത്യമായിരുന്നു.
വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും നേരിട്ടെത്തി ഉദ്യോഗസ്ഥർക്കും പോലീസ് സേനയ്ക്കും അദ്ദേഹം ആത്മവിശ്വാസം പകർന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി മടങ്ങിയ കേന്ദ്രസേനയ്ക്ക് അനുമോദന പത്രം നൽകി ആദരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള തന്റെ ആദ്യ യാത്ര കാസർകോട്ടെ ഉൾനാടൻ ഗ്രാമമായ പാടിയിലെ കണ്ണങ്കോൽ ഊരിലേക്കായിരുന്നു.ഊരുനിവാസികളുടെ യാത്രാക്ലേശങ്ങളും ജീവിതസാഹചര്യങ്ങളും നേരിൽ കണ്ടറിഞ്ഞ കളക്ടർ ശക്തമായ നടപടികൾ സ്വീകരിച്ചു.
കളക്ടറുടെ ചേമ്പറിലെത്തിയ കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് അദ്ദേഹം ഫുട്ബോളുകൾ സമ്മാനിച്ചു. അവരുടെ ആഗ്രഹ പ്രകാരം സൈക്കിളുകൾ നേരിട്ടെത്തിച്ച് നൽകുകയും ചെയ്തു.
കുട്ടികളെ ബേക്കൽ കോട്ടയും ബീച്ചും കാണിച്ച ശേഷം കാസർകോട്ടെ ഹോട്ടലിൽ ഒപ്പമിരുത്തി ഭക്ഷണം നൽകി ജില്ലാ ഭരണകൂടത്തിന്റെ സാമീപ്യം അവരെ അനുഭവിപ്പിച്ചു.
ദേലമ്പാടി ഊരിലെ കുട്ടികൾക്ക് സൈക്കിളുകൾ നൽകി. അവർക്കൊപ്പം കളക്ടർ സൈക്കിൾ ചവിട്ടിയതു നീതി ആയോഗിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമത്തിൽ പ്രത്യേക ശ്രദ്ധ നേടി.
കണ്ണങ്കോൽ ഉന്നതിയിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി വേഗത്തിലാക്കി; കുട്ടികളുടെ സാമൂഹിക പഠന മുറികൾ ശാക്തീകരിക്കാൻ നിർദ്ദേശം നൽകി, ഭൂമിയുടെ രേഖകൾ നൽകുന്നത്തിനു നടപടിയെടുത്തു. 
ജില്ലയിലെ ഊരുകളിലെ കുട്ടികൾക്കു പ്രത്യേക വിനോദയാത്ര സംഘടിപ്പിച്ചു.
കുണ്ടംകുഴി സാവിത്രിഭായി ഫൂലെ ആശ്രമം റസിഡൻഷ്യൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്ന പെരിങ്ങോം സ്ക്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് ആവേശം പകർന്നു . ജില്ലയിലെമോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ശാക്തീകരണത്തിന് പ്രത്യേക യോഗം വിളിച്ചു .കായിക വികസനത്തിന് രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ചു .
മാതൃക സഹവാസ വിദ്യാലയങ്ങളിൽ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചു.
പരപ്പ ബ്ലോക്ക് പരിധിയിൽ ഗോത്ര മേഖലയിലെ കുട്ടികളുടെ കൊഴിഞ്ഞു പോക്കു തടയാൻ സ്കൂളിലെത്തിച്ച് കുട്ടികളുടെ ഹാജർ നില കൂട്ടാൻപ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചു

സ്പോർട്സിനോടുള്ള ആഭിമുഖ്യം ഭരണനിർവഹണത്തിലും കായിക വികസനത്തിലും കളക്ടർ പൂർണ്ണമായി പ്രയോജനപ്പെടുത്തി.
  ചുമതലയേറ്റ ദിവസം മുതൽ നെല്ലിക്കുന്ന് ബീച്ചിൽ പതിവ് ഓട്ടം തുടങ്ങിയ കളക്ടർ, ‘ബീച്ച് ടൂറിസം വികസനം’ എന്ന ആശയത്തിന് തുടക്കമിട്ടു. കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത നെല്ലിക്കുന്ന് ബീച്ച് മാരത്തണിൽ നൂറുകണക്കിനാളുകൾക്കൊപ്പം പങ്കെടുത്തു.
കാസർകോട് മുതൽ ബേക്കൽ, മൗവ്വൽ, കുമ്പള ആരിക്കാടി കോട്ടകളിലേക്ക് പതിവായി ഓടിയും സൈക്കിൾ ചവിട്ടിയും കായിക സംസ്കാരം ജനകീയമാക്കി.
ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പുതിയകോട്ടയിൽ തുടങ്ങി ബേക്കൽ, ചന്ദ്രഗിരി, മൗവ്വൽ കോട്ടകൾ സന്ദർശിച്ച് ആരിക്കാടി കോട്ടയിൽ സമാപിച്ച 70 കിലോമീറ്റർ ദൈർഘ്യമുള്ള ‘കാസർഗോഡ് ഫോർട്ട് റൈഡ് 2026’ സൈക്കിൾ യാത്രയ്ക്ക് കളക്ടർ നേരിട്ട് നേതൃത്വം നൽകി.
സ്കൂൾ കായികതാരങ്ങൾക്ക് സിന്തറ്റിക് ട്രാക്ക്, സ്വിമ്മിംഗ് പൂൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ സൗജന്യമായി ലഭ്യമാക്കി. കായിക അധ്യാപകരുടെയും സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത യോഗം വിളിച്ച് ശാസ്ത്രീയ പരിശീലനത്തിന് തുടക്കമിട്ടു.
പുരാവസ്തു വകുപ്പിൽ നിന്ന് ഡി.ടി.പി.സിക്ക് കൈമാറിയ ചന്ദ്രഗിരി കോട്ടയെ ജില്ലയിലെ പ്രധാന ‘വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ’ ആക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു.
റാണിപുരം ഹിൽ ടൂറിസം, കോട്ടഞ്ചേരി സാഹസിക ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കാൻ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചു. ഡിടിപിസി റാണിപുരം ആംനെറ്റി സെൻ്റർ ഈ മാസം പ്രവർത്തനം ആരംഭിക്കും.
കുമ്പള ആരിക്കാടിയിൽ കയാക്കിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കാസർകോട് മുൻസിപ്പൽ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കായിക വകുപ്പിന് 14 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചു.
നടക്കാവ് രാജീവ് ഗാന്ധി സ്റ്റേഡിയവും ജില്ലാ കളക്ടർ സന്ദർശിചിരുന്നു.
 കാലവർഷത്തിൽ കടലാക്രമണം നാശം വിതച്ച മഞ്ചേശ്വരം, കുമ്പള തീരങ്ങളിലും ഉരുൾപൊട്ടലുണ്ടായ പാലാവയൽ തയ്യേനിയിലും ഉടൻ ഓടിയെത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
പള്ളിക്കര ബീച്ചിലെ തീരദേശവാസികൾക്ക് പട്ടയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു.
ദേശീയപാത 66 വികസനത്തിലെ അപാകതകൾ പരിഹരിക്കാൻ പ്രോജക്ട് ഡയറക്ടറുടെ സാന്നിധ്യത്തിൽ യോഗങ്ങൾ ചേർന്നു. വീരമലക്കുന്ന്, തെക്കിൽ ബേവിഞ്ച എന്നിവിടങ്ങളിലെ മണ്ണിടിച്ചിൽ ഭീഷണി നേരിട്ട് സന്ദർശിച്ച് പരിഹാരങ്ങൾ നിർദ്ദേശിച്ചു.
നീലേശ്വരം പഴയ പാലം പുനർനിർമ്മിക്കുന്നതിനും വലിയപറമ്പ കടലേറ്റം തടയാനുള്ള പദ്ധതിക്കും രൂപരേഖ നൽകി.
സ്കൂൾ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും കളക്ടറുടെ ചേമ്പറിൽ നടത്തുന്ന നമസ്തേ കളക്ടർ പരിപാടിയിൽ 15 സർക്കാർ സ്കൂളുകളിലെ 400 ഓളം കുട്ടികളെ പങ്കെടുപ്പിച്ചു.
കാസർകോട് ഗവ മെഡിക്കൽ കോളേജിൽ
എല്ലാ മാസവും മുടങ്ങാതെ നിർമാണ പുരോഗതി അവലോകനം ചെയ്തത് മെഡിക്കൽ കോളജിൻ്റെ പ്രവർത്തനങ്ങൾക്ക് പുതു ജീവൻ പകർന്നു. എയിംസിനു വേണ്ടി വിശദമായ  പ്രൊപ്പോസൽ സമർപ്പിച്ചു.
മൂന്നു തവണ പെരിയ പിസി കെ പ്ലാൻ്റേഷൻ സന്ദർശിച്ച് ന്വയം ഡ്രോൺ പരിശോധന നടത്തി ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ ജില്ലാ കളക്ടർ എയിംസ് പ്രൊപ്പോസൽ സർക്കാറിന് സമർപ്പിച്ചു.

കാസർകോട് ടൂറിസം സർക്യൂട്ട്: 
റാണിപുരം ,കോട്ടഞ്ചേരി,പൊസഡിഗുംബെ, മഞ്ഞംപൊതിക്കുന്ന് ഹിൽ സ്റ്റേഷൻ ടൂറിസം വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി .ചന്ദ്രഗിരി കോട്ട ഡി ടി പി സി നടത്തിപ്പിനായി ഏറ്റെടുത്തു .കാസർകോട് ബീച്ച് ലൈറ്റ് ഹൗസ്, തളങ്കര ഹാർബർ, നെല്ലിക്കുന്ന് കസബ ബീച്ച് തുടങ്ങിയവ ബന്ധിപ്പിച്ച് കാസർകോട് ടൂറിസം സർക്യൂട്ടിന് രൂപം നൽകി. കുമ്പള ആരിക്കാടിയിൽ കയാക്കിംഗ് ആരംഭിച്ചു കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി
സെൻസസ് ആദ്യഘട്ടത്തിൽ മികച്ച നേട്ടംകൈവരിച്ചു.
 യുക്രൈൻ തീരത്ത് ചരക്കു കപ്പലിനു
 നേരെ ഉണ്ടായ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയലിൻ്റെ വീട്  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെ യുള്ള പ്രവർത്തനങ്ങൾക്ക് സജീവായി ഇടപ്പെട്ടു.
അങ്കണവാടികൾക്ക് സ്വന്തമായി സ്മാർട്ട് കെട്ടിടങ്ങൾ ഉള്ള ഇന്ത്യയിലെ ആദ്യ ജില്ലയാകാൻ ഒരുങ്ങി കാസർകോടിനി സജ്ജമാക്കി.
ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കും.ഇതോടെ എല്ലാ അങ്കണവാടികൾക്കും സ്മാർട്ട് കെട്ടിടങ്ങൾ ഉള്ള ഇന്ത്യയിലെ ആദ്യ ജില്ലയായി കാസർകോട് മാറും.
നിർമ്മാണത്തിലിരിക്കുന്ന 47 എണ്ണത്തിൽ പകുതി കെട്ടിടങ്ങളുടെയും പണി രണ്ടുമാസത്തിനകം പൂർത്തീകരിക്കും.ഡിസംബർ 31 ഓടെ എല്ലാ അങ്കണവാടി കെട്ടിടങ്ങളുടെയും പണിപൂർത്തീകരിക്കും.
ഔദ്യോഗിക പദവിയുടെ ദൂരപരിധികൾക്കപ്പുറം സാധാരണക്കാരോടൊപ്പം ചേർന്നുനിന്ന് നാടിന്റെ വികസന മുന്നേറ്റത്തിന് കരുത്തേകുന്ന ജനകീയ മുഖമായി ആറുമാസത്തിനിടയിൽ മാറാൻ കളക്ടർ അർജുൻ പാണ്ഡ്യനു കഴിഞ്ഞു എന്നതു ഭരണരംഗത്തെ എടുത്തുപറയത്തക്ക നേട്ടമാണ് . ജനങ്ങൾക്കൊപ്പം നിന്ന് നടത്തിയ മുന്നേറ്റങ്ങൾ കാസർകോടിന് അവിസ്മരണീയമായ അനുഭവമാണു സമ്മാനിച്ചതെന്നു നാട് അഭിമാനപൂർവം അനുസ്മരിക്കുന്നു,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page